കൊട്ടിയൂർ: കൊട്ടിയൂർ തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സംസ്ഥാന വനം-വന്യജീവി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെ കേസിൽ എതിർകക്ഷികളായി ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചു. ജസ്റ്റീസ് രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ക്ഷേത്രം കാടിനും പുഴയ്ക്കും നടുവിലായി സ്ഥിതി ചെയ്യുന്നതിനാൽ മതാചാരങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം കോടതി ചൂണ്ടിക്കാട്ടി. ഉത്സവകാലത്ത് വൻതോതിൽ തീർഥാടകർ എത്തുന്നതിനാൽ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത താത്കാലിക ക്രമീകരണങ്ങളാണ് നിലവിൽ നടപ്പാക്കുന്നതെന്നും നിരീക്ഷിച്ചു.
ഇടുങ്ങിയ റോഡുകൾ കാരണമുള്ള ഗതാഗതക്കുരുക്ക്, തിരക്ക് നിയന്ത്രണം, 80 ഏക്കർ വിശുദ്ധ വനപ്രദേശത്തെ മാലിന്യ സംസ്കരണം, മഴക്കാലത്ത് ബാവലിപ്പുഴ മുറിച്ചുകടക്കുന്നതിനുള്ള താത്കാലിക തൂക്കുപാലങ്ങളുടെ നിർമാണം തുടങ്ങിയ വിഷയങ്ങൾ കോടതി പ്രത്യേകം പരിഗണിച്ചു. കൊട്ടിയൂരിന്റെ സുസ്ഥിര വികസനവും ഇക്കോ ടൂറിസം മാനേജ്മെന്റും സംബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) സമർപ്പിച്ച റിപ്പോർട്ടും കോടതി പരിശോധിച്ചു.
ഉപയോഗശൂന്യമായി കിടക്കുന്ന 40 ഏക്കർ സർക്കാർ ഭൂമി പാർക്കിംഗിനായി വിനിയോഗിക്കുക, ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുക, മഴക്കാലത്ത് പുഴ മുറിച്ചുകടക്കാൻ താത്കാലിക തൂക്കുപാലങ്ങൾ നിർമിക്കുക തുടങ്ങിയ നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.
വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, പരിസ്ഥിതി ലോലപ്രദേശങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ എന്നിവ പാലിച്ചു മാത്രമേ വികസന പ്രവർത്തനങ്ങൾ നടത്താവൂവെന്നും കോടതി ഓർമിപ്പിച്ചു. കേസ് ജൂലൈ മുന്നിന് വീണ്ടും പരിഗണിക്കും.
അതേസമയം, ക്ഷേത്രപരിസരത്ത് വ്ലോഗർമാരും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരും നടത്തുന്ന ലൈവ് സ്ട്രീമിംഗും റീൽസ് ചിത്രീകരണവും തീർഥാടകരുടെ ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്ന പരാതിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.